Monday, March 16, 2015

ചിരുത്തൈ എന്ന പുലി (Leopard)

പല പ്രാവശ്യം ഞാൻ ബന്ദിപ്പൂർ-മസിനഗുഡി കാടുകളിൽ പോയിട്ടുണ്ട്.  കടുവ പുലി ഇത്യാദി വിരളമായി കാണാൻ കിട്ടുന്ന മാംസാഹാരി പൂച്ചകളെ കാണണം എന്നാ ആഗ്രഹത്തിൽ ഉപരി പക്ഷിനിരീക്ഷണവും കണ്ടിട്ടില്ലാത്ത പക്ഷികളുടെ ഫോട്ടൊ എടുക്കുക എന്നതും ഒക്കെ ആയിരുന്നു ഉദ്ദേശ്യം. ആ ഉദ്ദേശ്യം ഇതിനു മുന്നേ പോയ യാത്രകളിൽ നിന്നുളവായ നിരാശയിൽ നിന്ന് ഉയർന്ന ഒരു ഒന്നായിരുന്നു. പുലി കടുവാ പടങ്ങൾ നെറ്റിൽ കാണുകയും പുലിയെയും കടുവയെയും കാണണം എങ്കിൽ മൃഗശാലയിൽ പോകയും ആണ് എനിക്ക് പറഞ്ഞിട്ടുള്ളതെന്ന സമാധാനത്തിൽ നിന്നുണ്ടായ ഒന്ന്. എങ്കിലും ഇതിനു മുൻപേ പോയ എല്ലാ യാത്രയിലും ആ അന്തരീക്ഷവും കിളികളുടെ കളകളാരവവും ഒക്കെ ഞാൻ വളരെ അധികം ആസ്വദിച്ചിട്ടും മനസ്സിൽ ആവാഹിച്ചും ആണ് തിരിച്ച് പോന്നത്. പുലിയെയും കടുവയെയും കാണാൻ പറ്റിയില്ലല്ലൊ എന്നാ നിരാശ ഉണ്ടെങ്കിൽ പോലും ആ നിരാശയെ മറികടക്കാൻ പോന്ന ഒരു പിടി സന്തോഷദായകമായ അനുഭവങ്ങളും ആയി ആണ് എല്ലായ്പ്പോഴും തിരിച്ചു പോന്നിട്ടുള്ളത്.


"വെള്ളിയാഴ്ച്ച എന്താടാ പരിപാടി?"

"ഞാൻ ഫ്രീയാ"
"ബന്ദിപ്പൂർ/ മസിനഗുഡി വിട്ടാലോ? പുതിയ കാറിൽ ഒരു യാത്രയും ആകും."
"ഒക്കെ"
സുഹൃത്തും സഹ പ്ലസ്സറും ആയ +Sherlock Holmes ഉം ആയുണ്ടായ ഒരു സംഭാഷണം ആണ് മേലെ. വെള്ളിയാഴ്ച (13/ 03/ 2015 ) നു രാത്രി ഷെർലക് എന്റെ വീട്ടില് വന്നു. വെളുപ്പിനെ രണ്ട് മണിക്ക് എന്റെ കാറിൽ ഞങ്ങൾ യാത്രയായി, വഴി നീളെ കൊച്ചു വർത്തമാനം പറഞ്ഞും ഇടക്ക് ചായ കുടിച്ചും ഒക്കെ ഞങ്ങൾ 06:15 നു ഗുണ്ടൽപെട്ട എത്തി. ടൗണ്‍ കഴിഞ്ഞ് ചെക്പോസ്റ്റിന്റെ അടുത്തെത്തിയതും ഒരു കാക്കിധാരി വണ്ടിക്ക് കൈ കാണിച്ചു. ഇന്റിക്കേറ്റർ ഇട്ടു വണ്ടി ഒതുക്കി കാര്യം ചോദിച്ചു.  ഒരു ഫോറെസ്റ്റ് ഓഫീസർ. പേര് കുമാര സ്വാമി. ആവശ്യം ലളിതം, ബന്ദിപൂർ ചെക്പോസ്റ്റ് വരെ ഒരു ലിഫ്റ്റ്‌ വേണം. സസന്തോഷം വണ്ടിയിൽ കയറ്റി യാത്ര ആയി.

"ഷെർലക്കേ, എനിക്ക് വിശക്കുന്നു. നല്ല ഇഡ്ഡലിയും സാംബാറും കിട്ടുന്ന ചായക്കട വലതും ഉണ്ടെങ്കിൽ കയറി കഴിച്ചാലോ? പോരാത്തതിനു ബന്ദിപ്പൂരിൽ 07:30 നു ആണു സഫാരി."

"കഴിച്ചേക്കാം , എനിക്കും ചെറുതായി വിശക്കുന്നു. "

"കുമാരസ്വാമി സർ, ബന്ടിപ്പൂരിൽ എഴരക്കല്ലേ സഫാരി തുടങ്ങുക?"

"അല്ല, ആറരക്കാണ് സഫാരി തുടങ്ങുന്നത്."
"പണി പാളി മോനെ ഷെർലക്കേ, ഞാൻ ഏഴര എന്ന് വിചാരിച്ചാണ് സാ മട്ടിൽ വണ്ടി ഓടിച്ചു പോന്നത്."
എന്തായാലും വണ്ടിയുടെ സ്പീഡ് ചെറുതായി ഒന്ന് കൂടി. ബന്ദിപ്പൂർ ഗസ്റ്റ് ഹൗസിന്റെ മുന്നില് കൊണ്ട് വണ്ടി നിർത്തുമ്പോൾ എന്റെ വാച്ചിൽ കൃത്യം 06:30. കുമാരസ്വാമി സർ നന്ദി പറഞ്ഞു നടന്നു നീങ്ങി. നോക്കിയപ്പോൾ സഫാരി വണ്ടികൾ നിരന്നു കിടക്കുന്നു, ഭാഗ്യം, വണ്ടികൾ സഫാരിക്ക് പോയിട്ടില്ല. "നീ രണ്ടു ടിക്കറ്റ് എടുത്തൊള്ളൂ ഞാൻ വണ്ടി പാർക്ക് ചെയ്ത് ക്യാമറയും ആയി വരാം ഷെർലക്കേ"

വണ്ടി പാര്ക്ക് ചെയ്തു രണ്ടു ക്യാമറ ബാഗുകളും ആയി ഓടി ചെല്ലുമ്പോൾ ടിക്കറ്റ് എടുത്ത് ഷെർലക് റെഡി, കയറ്റി കൊണ്ട് പോകാൻ വണ്ടികളും. ചാടിക്കയറി, ഉടൻ തന്നെ വണ്ടികൾ യാത്രയായി.


മാൻ, കാട്ടുപോത്ത്, പെയിന്റഡ് സ്റ്റോർക്ക്  എന്നിങ്ങനെ ഓരോ കാഴ്ചകളിലൂടെയും സഫാരി ഇങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. പെട്ടന്ന് മുന്നില് പോയ ഒരു സഫാരി ബസ്, ഒരു സ്ഥലത്ത് നിർത്തി ഇട്ടിരിക്കുന്നു. ബസ്സുകളുടെ ഡ്രൈവർമാർ തമ്മിൽ ബസ്സിൽ ഇരുന്നു കൊണ്ട് തന്നെ ഒരു അടക്കി പിടിച്ച ആശയ വിനിമയത്തിനു ശേഷം ഡ്രൈവർ ബസ്സിൽ പ്രഖ്യാപിച്ചു, പുലി, ചിരുത്തൈ (തമിൾ)/ ലെപ്പേർഡ്. ബസിൽ ഒരു ആരവം. ഡ്രൈവർ വക മിണ്ടാതിരിക്കാൻ വാണിങ്ങ്. കുംഭ ചൂടിൽ തന്നെ ഉണങ്ങി സ്വർണ്ണ വർണ്ണമായി നില്ക്കുന്ന കാട്ടിലെ പുല്ലിന്റെയും കൊങ്ങിണി പടർപ്പുകളുറ്റെയും ഇടയിലേക്ക് നോക്കിയ ഞാൻ ഒന്നും തന്നെ കണ്ടില്ല. ബസ്സിൽ പലരും "അവിടെ",  "ഇവിടെ" "ഞാൻ കണ്ടു" "ദാ വാല്" എന്നൊക്കെ പറയുന്നു. ഷെർലക്കിനെ നോക്കിയ ഞാൻ കണ്ടത് നിലാവത്ത് ഇറങ്ങിയ കോഴിയുടെ മുഖം ഉള്ള ഷെർലക്കിനെ ആയിരുന്നു. എന്റെ മുഖം ഞാൻ കണ്ടിരുന്നെങ്കിൽ ഒട്ടും വ്യത്യസ്ഥം  ആകാൻ ഒരു വഴിയും കാണുന്നില്ല.

"നീ പുലിയെ കണ്ടോ ഷെർലക്കേ?"
"ഇല്ല, നിങ്ങൾ കണ്ടോ മനുഷ്യാ?"
"യെവടെ, ഞാനും നീയും മാത്രം അല്ല, ഈ ബസ്സിൽ ദാ, ദേ എന്നൊക്കെ പറയുന്നവരും കണ്ടിട്ടുണ്ട് എന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല. "
"ഹഹഹഹഹ"
 "ഇതൊക്കെ സാധാരണയാണ് മോനെ, ബാ മ്മക്ക് ഇവിടെ സീറ്റിൽ ഇരിക്കാം, വെറുതെ മ്മടെ എനർജി വെസ്ടാക്കണ്ട"

സ്വല്പ്പ സമയം കഴിഞ്ഞ് ബസ്സ്‌ മുന്നോട്ട് ഉരുളാൻ തുടങ്ങി.  ചിര പരിചിതമായ നിരാശയുടെ കയ്പ്പ് ഒരു തുള്ളിയോളം വായിലേക്ക്  തികട്ടി വന്നു. ഡ്രൈവർ പെട്ടന്നു വണ്ടി സ്ലോ ആക്കി തല പുരത്തേക്കിട്ട് നോക്കി, വണ്ടി റിവേർസിലേക്കിടാൻ തുടങ്ങിയതും ഞാൻ പുറത്തേക്ക് നോക്കി.


ദാ പോണു മോനെ ഒരു ധൃതിയും ഇല്ലാതെ വഴി ക്രോസ്സ് ചെയ്ത് ഒരു പുലി. വണ്ടി നേരെ പുറകോട്ട പോയി. ചെന്നപ്പോ ഒരു അൻപത് വാര അകലെ പുല്ലു തിന്നു നില്ക്കുന്ന മാൻ കൂട്ടാതെ നോക്കി ട്യൂണ്‍ ചെയ്തു കൊണ്ട് പുല്ലിനും ഉണങ്ങിയ കൊങ്ങിണി പടർപ്പിനും ഇടക്ക് ഇരിക്കുന്നു പുലി. ഒരു പത്തു സെക്കന്റ് ക്യാമറയെ പറ്റി മറന്ന് നോക്കി ഇരുന്നു പോയി.


ക്യാമറ ഇന്റു ആക്ഷൻ, ബസ്സിൽ ഒരേ ബഹളം,  മിണ്ടാതിരിക്കാൻ ഡ്രൈവർ വക അടക്കിപിടിച്ച  ശകാരം. പുല്ലിന്റെ ഇടയിൽ ആയത് കൊണ്ട് ആദ്യ ഫോട്ടോസിൽ ഫോക്കസ് പുല്ലു കൊണ്ട് പോയി. ആംഗിൾ മാറ്റി നോക്കിയപ്പോൾ പുലിയിൽ ഫോക്കസായി രണ്ടു പടങ്ങൾ കിട്ടി, നിങ്ങള്ക്കായി സമര്പ്പിക്കുന്നു.





Untitled